കാട്ടാനപ്പേടി: ദേശീയപാത ഉപരോധിച്ചു


Mathrubhumi posted on: 31 Oct 2010




കല്ലടിക്കോട്: മീന്‍വല്ലത്തിനടുത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചത് കല്ലടിക്കോട്ട് ജനങ്ങളെ രോഷാകുലരാക്കി. കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും അധികൃതര്‍ ഉദാസീനനയം തുടരുന്നുവെന്നാരോപിച്ച് ജനക്കൂട്ടം കല്ലടിക്കോട് സെന്ററില്‍ പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചു.

കാലത്ത് ആറുമണിയോടെയാണ് അമ്മയും കുഞ്ഞും കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ആറേമുക്കാലോടെ പ്രദേശം പ്രക്ഷുബ്ധമായി. നൂറുകണക്കിനാളുകള്‍ കല്ലടിക്കോട്ജങ്ഷനില്‍ തടിച്ചുകൂടി. തുടര്‍ന്ന് ഉപരോധം തുടങ്ങുകയായിരുന്നു.

വനംവകുപ്പുമന്ത്രിയും കളക്ടറും വനം കണ്‍സര്‍വേറ്ററും സ്ഥലത്തെത്തി കാട്ടാനശല്യം പരിഹരിക്കാന്‍ നടപടി ഉറപ്പാക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് ഉപരോധക്കാര്‍ ശഠിച്ചു. ഇതിനിടെ ദേശീയപാതയുടെ നടുവില്‍ സമരപ്പന്തലും മൈക്ക് കെട്ടിയ വാഹനവുമൊക്കെ സജ്ജീകരിച്ചു. ജനക്കൂട്ടവും പെരുകിക്കൊണ്ടിരുന്നു. ഒപ്പം ഇരുവശത്തും വാഹനങ്ങളും.

വിവരമറിഞ്ഞ് ഡിവൈ.എസ്.പി. വേണുഗോപാല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി. പക്ഷേ, അനുനയങ്ങള്‍ക്ക് വഴങ്ങാന്‍ ജനക്കൂട്ടം തയ്യാറായില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി അനുനയത്തിന് ശ്രമിച്ചതും ഫലിച്ചില്ല. പിന്നീട് നാട്ടുകാരില്‍ ചിലര്‍തന്നെ ജനക്കൂട്ടത്തിന്റെ നിയന്ത്രണമേറ്റെടുത്തു.

ഇതിനിടെ ഒറ്റപ്പാലത്തുനിന്ന് ആര്‍.ഡി.ഒ. വി. വാസുദേവന്‍ സ്ഥലത്തെത്തി. സൗരോര്‍ജവേലി സ്ഥാപിക്കാന്‍ 25 ലക്ഷംരൂപ ആദ്യഗഡുവായി അനുവദിച്ച് വനംമന്ത്രി ഉത്തരവിറക്കിയെന്നും മരിച്ചവരുടെ കുടുംബത്തിന് ആറുലക്ഷംരൂപയും അടിയന്തര സഹായമായി ഒരുലക്ഷംരൂപയും അനുവദിച്ചതായും ആര്‍.ഡി.ഒ. നാട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ തൃപ്തരായില്ല. കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ചനടത്തണമെന്ന നിലപാടില്‍ ജനം ഉറച്ചുനിന്നു. വനം കണ്‍സര്‍വേറ്ററും വരാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് ഇതിനിടെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചു.

ഇതോടെ ആര്‍.ഡി.ഒ.യും പോലീസും നിസ്സഹായരായി. അവര്‍ ഇക്കാര്യം കളക്ടറെ അറിയിച്ച് കാത്തുനിന്നു. ഇതിനിടെ വാഹനങ്ങള്‍ മുണ്ടൂരില്‍നിന്നും മറ്റിടങ്ങളില്‍നിന്നും ബദല്‍വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടതിനാല്‍ ചരക്കുവാഹനങ്ങള്‍മാത്രമാണ് റോഡില്‍ കുടുങ്ങിയത്.

ഒരുമണിയോടെ കളക്ടര്‍ സ്ഥലത്തെത്തി. കളക്ടറുമായി ചര്‍ച്ചയ്ക്കായി ജനക്കൂട്ടംതന്നെ ചിലരെ തിരഞ്ഞെടുത്തു. ഉപരോധസ്ഥലത്തെത്തുന്നതിനുമുമ്പ് സനാന ഓഡിറ്റോറിയത്തില്‍ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തി. ആര്‍.ഡി.ഒ. വാസുദേവന്‍, ഡിവൈ.എസ്.പി. വേണുഗോപാല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മരുതുംകാട്, പാങ്ങ്, ചെറുമല, കവളപ്പാറ എന്നീ പ്രദേശങ്ങളില്‍നിന്നുള്ള കര്‍ഷകരുടെ പ്രതിനിധികളായ എം.കെ. ഫിലിപ്പ് മണ്ണാത്തുകുഴി, സണ്ണി അഗസ്റ്റ്യന്‍, ചാമി ആശാന്‍, രാധാകൃഷ്ണന്‍, റോസ്‌മേരി, ഷൈലരാജു, പൊന്നപ്പന്‍,കളപ്പാറ രവി, രാജ കാട്ടുമറ്റം എന്നിവരാണ് ചര്‍ച്ചയില്‍ ജനങ്ങളെ പ്രതിനിധാനംചെയ്തത്.

കാട്ടാനകളെ തുരത്താന്‍ വനം-പോലീസ് സംയുക്ത സ്‌ക്വാഡിനെ വിന്യസിപ്പിക്കാമെന്നും മൂന്നേക്കര്‍, പാങ്,കവളപ്പാറ ഭാഗത്ത് കാട്ടാനശല്യത്തിന് പ്രതിവിധിയായി 25 കിലോമീറ്റര്‍ സൗരോര്‍ജ വൈദ്യുതവേലി നിര്‍മിക്കുമെന്നുമായിരുന്നു കളക്ടറുടെ ഉറപ്പുകള്‍. വേലിനിര്‍മിക്കാനാവശ്യമായ 35 ലക്ഷംരൂപയില്‍ 25 ലക്ഷം അനുവദിച്ചുകഴിഞ്ഞതായും കളക്ടര്‍ അറിയിച്ചു.

തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണസമിതിയുടെ സഹായത്തോടെ, സൗരോര്‍ജവേലി സ്ഥാപിക്കാന്‍ കഴിയാത്ത വനാതിര്‍ത്തികളില്‍ കിടങ്ങ് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്നായിരുന്നു മറ്റൊരു നിര്‍ദേശം.

ചര്‍ച്ചയില്‍ ധാരണയുണ്ടായതോടെ കളക്ടര്‍ കല്ലടിക്കോട് സെന്ററിലെത്തി ഉപരോധസമരക്കാരോട് ഈ ഉറപ്പുകള്‍ വിശദീകരിച്ചു. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ശക്തമായി ആരംഭിക്കുമെന്ന് മുന്നറിയിപ്പോടെ നേതാക്കളും ജനങ്ങളും നിര്‍ദേശം അംഗീകരിച്ച് സമരം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി.

ജനക്കൂട്ടം പിരിഞ്ഞ് വാഹനഗതാഗതം തുടങ്ങുമ്പോഴേക്കും മരിച്ച ഓമനയുടെയും കാവ്യയുടെയും മൃതദേഹംവഹിച്ച ആംബുലന്‍സ് എത്തി. തുടര്‍ന്ന് ജങ്ഷനില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചു. സമരവീര്യം സങ്കടത്തിനും അന്ത്യോപചാരത്തിനും വഴിമാറുകയും ചെയ്തു.

Comments

Popular posts from this blog

Save Nellimapathy by merging into Parambikulam Tiger Reserve

Status of Wild Elephants in southern India - News published by IANS

Elephant task force final report published