ഭക്തിസാഗരത്തെ സാക്ഷിയാക്കി ദേവരഥസംഗമം
Mathrubhumi, Posted on: 17 Nov 2010
പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിന് മുന്നിലെത്തിയ ലക്ഷ്മീനാരായണപെരുമാളിന്റെ തേര് തിരികെ എഴുന്നള്ളിക്കുമ്പോള്‍ പുതിയകല്പാത്തിയുടെ രഥം കുണ്ടമ്പലത്തിനുമുന്നില്‍നിന്ന് തിരികെ യാത്ര തുടങ്ങി. ഇരുരഥവും പുതിയകല്പാത്തിയില്‍ മുഖാമുഖം ദര്‍ശനംനടത്തി.വിശാലാക്ഷീസമേത വിശ്വനാഥസ്വാമി രഥം തേരുമുട്ടിയുടെ മധ്യഭാഗത്ത് നിലയുറപ്പിച്ചു. ഗണപതിയുടെയും വള്ളിദേവസേനാസമേത സുബ്രഹ്മണ്യസ്വാമിയുടെ തേരും രഥസംഗമത്തിനായി സ്ഥാനമുറപ്പിച്ചു.
മഹാദേവകുടുംബത്തിന്റെയും ലക്ഷ്മീനാരായണപെരുമാളിന്റെയുമായി നാല് ദേവരഥങ്ങള്‍ തേരുമുട്ടിയില്‍ സംഗമിച്ചു. ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിലെ രഥം കനത്തമഴയെത്തുടര്‍ന്ന് തേരുമുട്ടിക്കുസമീപമെത്തി മടങ്ങി.പട്ടക്കുടയും ധ്വജങ്ങളും ചേര്‍ന്ന അലങ്കാരഭംഗിതീര്‍ത്ത പ്രഭയില്‍ ദേവരഥങ്ങള്‍ സംഗമിച്ചപ്പോള്‍ കല്പാത്തി ജനസാഗരമായി. രഥസംഗമത്തിനുശേഷം രാത്രി ഗ്രാമക്ഷേത്രങ്ങളില്‍ വിശേഷാല്‍പൂജകള്‍ നടന്നു. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തില്‍ ശുദ്ധി, അഭിഷേകം എന്നിവയും രാത്രി പള്ളിവേട്ടയുമുണ്ടായി.
പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തില്‍ രാത്രി നാദസ്വരത്തോടെ പുഷ്പപല്ലക്കില്‍ എഴുന്നള്ളത്തുണ്ടായി. പഴയകല്പാത്തിയില്‍ പുലര്‍ച്ചെ പല്ലക്കുകച്ചേരി നടന്നു.ഗ്രാമക്ഷേത്രങ്ങളില്‍ ബുധനാഴ്ച രാവിലെ ധ്വജാവരോഹണം നടക്കുന്നതോടെ രഥോത്സവച്ചടങ്ങുകള്‍ സമാപിക്കും.
Comments